മുഖ്യമന്ത്രിയെ തടഞ്ഞതിന് ചേന്തി അനിലിന്റെ അറസ്റ്റ്: വിവാദം തുടരുന്നു
തിരുവനന്തപുരം :
ശ്രീകാര്യത്തെ പഴയ 'പ്രമാണി'; കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവ്
ഭാര്യയുടെ വിയോഗവും വിവാദമായ 'ഗുണ്ടാ സംഗമ'വും
എസ്.എന്‍.ഡി.പിയിലും റസിഡന്റ്‌സ് അസോസിയേഷനുകളിലും നിര്‍ണ്ണായക സ്വാധീനം
ഒടുവില്‍ മുഖ്യമന്ത്രി വി.ഡി സതീശനെ വഴിതടഞ്ഞ് പോലീസ് കേസില്‍
വിവാദങ്ങളുടെ തോഴനായി ചേന്തി അനി വീണ്ടും വാര്‍ത്തകളില്‍.
ഒരു കാലത്ത് തലസ്ഥാന നഗരിയുടെ വടക്കന്‍ അതിര്‍ത്തിയായ ശ്രീകാര്യത്തെ വിറപ്പിച്ച പഴയ പ്രമാണി. പിന്നീട് ക്രിമിനല്‍ കേസുകളെല്ലാം തീര്‍ത്ത് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി കോണ്‍ഗ്രസിന്റെ ജനകീയ നേതാവായി മാറിയ ചേന്തി അനി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടയുകയും അദ്ദേഹത്തോട് അപമര്യാദയായി പെരുമാറുകയും ചെയ്തു എന്ന ഗുരുതരമായ ആരോപണത്തിലാണ് മുന്‍ ഡി.സി.സി ഭാരവാഹി കൂടിയായ അനി ഇപ്പോള്‍ പോലീസ് കേസില്‍ കുടുങ്ങിയിരിക്കുന്നത്.
ചേന്തിയില്‍ സംഘടിപ്പിച്ച ശ്രീനാരായണഗുരു ജയന്തി സമ്മേളനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഈ അസാധാരണ സംഭവവികാസങ്ങളിലേക്ക് നയിച്ചത്. ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ചെമ്പഴന്തിയിലെ ജയന്തി സമ്മേളനത്തിലേക്ക് പോയതാണ് പ്രകോപനത്തിന് കാരണമായത്. ഇതോടെ ചേന്തിയിലെ പരിപാടിയുടെ മുഖ്യ സംഘാടകനായ അനിലിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനം നടുറോഡില്‍ കൈകാണിച്ച് നിര്‍ത്തുകയായിരുന്നു.
വാഹനം തടഞ്ഞതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രി, പരിപാടി ഉദ്ഘാടനം ചെയ്യാതെ മടങ്ങാന്‍ ഒരുങ്ങിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതിനിടെ മുഖ്യമന്ത്രിക്ക് നേരെ ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘം മോശം വാക്കുകള്‍ പ്രയോഗിച്ചതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇവരെ തള്ളിമാറ്റിയത്. സംഭവത്തില്‍ ഗ്രേഡ് എസ്.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണറുടെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ് അനിലുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.
എന്നാല്‍, പരിപാടിയില്‍ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി മുന്‍കൂര്‍ ഉറപ്പുനല്‍കിയിരുന്നതാണെന്നാണ് ചേന്തി അനി ഇതിനോട് പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ച സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയിരുന്നുവെന്നും, അദ്ദേഹത്തെ കാണാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ് നാട്ടുകാര്‍ വാഹനം തടഞ്ഞതെന്നുമാണ് അനിയുടെ വിശദീകരണം. മുഖ്യമന്ത്രിയുടെ പെരുമാറ്റം വലിയ വിഷമമുണ്ടാക്കിയെന്നും അതിനാലാണ് നിശ്ചയിച്ചിരുന്ന പൊതുസമ്മേളനം ഉപേക്ഷിച്ചതെന്നും അദ്ദേഹം പറയുന്നു.
തിരുവനന്തപുരം നഗരത്തിലെ ശ്രീകാര്യം മേഖലയില്‍ തൊണ്ണൂറുകളില്‍ അനിഷേധ്യമായ സ്വാധീനമുണ്ടായിരുന്ന വ്യക്തിയാണ് ചേന്തി അനി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയും ആ മേഖലയെ തന്റെ വരുതിയില്‍ നിര്‍ത്തുകയും ചെയ്ത ഒരു ഭൂതകാലം അദ്ദേഹത്തിനുണ്ട്. ഗുണ്ടാപ്പകയും കുടിപ്പകയും കൊടുമ്പിരികൊണ്ട ആ പഴയ കാലത്തുനിന്നാണ് അനി പിന്നീട് പൂര്‍ണ്ണമായും മുഖ്യധാരാ പൊതുപ്രവര്‍ത്തനത്തിന്റെ വഴിയിലേക്ക് തിരിയുന്നത്.
സി.പി.എമ്മിന് ശക്തമായ വേരോട്ടമുള്ള ശ്രീകാര്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാനായത് ചേന്തി അനിയുടെ വരവോടെയായിരുന്നു. അദ്ദേഹത്തിന്റെ സംഘടനാ മികവിലൂടെയും കരുത്തിലൂടെയും അവിടെ പാര്‍ട്ടിക്ക് വലിയൊരു അടിത്തറയുണ്ടായി. ഒരു ഘട്ടത്തില്‍ തിരുവനന്തപുരം ഡി.സി.സി ഭാരവാഹിത്വത്തില്‍ വരെയെത്തിയ അദ്ദേഹം, ഇടക്കാലത്ത് നേതൃത്വവുമായി ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായെങ്കിലും പിന്നീട് പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമാവുകയായിരുന്നു.
രാഷ്ട്രീയത്തിന് പുറമെ സാമൂഹിക രംഗത്തും തന്റേതായ ഇടം കണ്ടെത്താന്‍ അനിക്കു കഴിഞ്ഞു. പ്രദേശത്തെ എസ്.എന്‍.ഡി.പി യൂണിയനിലും വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളിലും വളരെ പെട്ടെന്നാണ് അദ്ദേഹം സ്വാധീനം ഉറപ്പിച്ചത്. ഈ ജനകീയ അടിത്തറയാണ് രാഷ്ട്രീയത്തില്‍ അനിയുടെ വളര്‍ച്ചയ്ക്ക് പിന്നീട് ഏറ്റവും വലിയ കരുത്തായി മാറിയത്.
അനിയുടെ ഈ ജനകീയതയുടെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയത് ഭാര്യ വി.ആര്‍. സിനിയായിരുന്നു. തിരുവനന്തപുരം നഗരസഭയില്‍ തുടര്‍ച്ചയായി രണ്ടുതവണ യു.ഡി.എഫ് പ്രതിനിധിയായി സിനി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടുകയും, പിന്നാലെ സംഭവിച്ച സിനിയുടെ അപ്രതീക്ഷിത വിയോഗം ആ കുടുംബത്തെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വലിയ പ്രതിസന്ധിയിലാക്കുകയും ചെയ്തു.
രാഷ്ട്രീയ ജീവിതത്തില്‍ ചേന്തി അനി ഇതിനുമുമ്പ് ഏറ്റവുമധികം പഴി കേട്ടത് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു. അനിയുടെ വീട്ടില്‍ കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ഒത്തുചേര്‍ന്നത് അന്ന് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. യു.ഡി.എഫ് കൗണ്‍സിലറുടെ വീട്ടില്‍ നടന്ന 'ഗുണ്ടാ സംഗമം' എന്ന നിലയില്‍ സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ എതിരാളികള്‍ ഇത് വലിയൊരു തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി മാറ്റിയിരുന്നു.
എന്നാല്‍ 2020 ഓഗസ്റ്റ് 31-ന് നടന്ന തന്റെ അമ്മയുടെ ചരമദിന ചടങ്ങിലേക്ക് എസ്.എന്‍.ഡി.പി യൂണിയന്‍ മുന്‍ ട്രഷറര്‍ കൂടിയായ ഓംപ്രകാശിനെ വിളിച്ചതാണെന്നായിരുന്നു അനിയുടെ അന്നത്തെ മറുപടി. ശ്രീകാര്യത്തെ ഒരു സി.സി.ടി.വി ദൃശ്യം പുറത്തുവിട്ടതിലൂടെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ തന്നോടുള്ള വൈരാഗ്യം തീര്‍ക്കാനാണ് അവര്‍ ഈ വിഷയം വിവാദമാക്കിയതെന്നും അന്ന് അനി ആരോപിച്ചിരുന്നു. സി.പി.എമ്മിനോട് നിരന്തരം പോരാടിയ ആ പഴയ നേതാവാണ് ഇപ്പോള്‍ സ്വന്തം മുന്നണിയിലെ മുഖ്യമന്ത്രിയെ തടഞ്ഞതിന്റെ പേരില്‍ വീണ്ടും വാര്‍ത്താതാരമാകുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ഏറെ അടുപ്പം പുലർത്തുന്ന വ്യക്തി കൂടിയാണ് അനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍