Responsive Ad

യുദ്ധത്തിൽ വലഞ്ഞ് എബ്രഹാം ലിങ്കൺ

286 ദിവസം തുടർച്ചയായി കടലിൽ കഴിഞ്ഞതിന് പിന്നാലെ തായ്ലൻഡിലെത്തിയ യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ ചർച്ചയാകുന്നു. ഏകദേശം 1,100 അടി നീളമുള്ള കപ്പലിന്റെ പുറംഭാഗത്ത് മുൻഭാഗം മുതൽ പിൻഭാഗം വരെ തുരുമ്പിന്റെ പാടുകൾ വ്യക്തമായി കാണാം. ദീർഘകാലം കടലിൽ തുടർച്ചയായി പ്രവർത്തിച്ചതിന്റെ പ്രതിഫലനമാണ് കപ്പലിന്റെ പുറംഭാഗത്ത് കാണുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

കഴിഞ്ഞ നവംബറിൽ സാൻ ഡിയാഗോയിൽ നിന്ന് പുറപ്പെട്ട എബ്രഹാം ലിങ്കൺ 286 ദിവസത്തെ ദൗത്യത്തിനിടെ പശ്ചിമേഷ്യയിൽ ഇറാനെതിരായ സൈനിക നടപടികളിലും ഉപരോധ പ്രവർത്തനങ്ങളിലും പങ്കെടുത്തിരുന്നു. ആഗസ്റ്റിൽ പശ്ചിമേഷ്യ വിട്ട കപ്പൽ പിന്നീട് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നീങ്ങി. തുടർന്ന് തായ്ലൻഡിലെ ലെയം ചബാങ് തുറമുഖത്തെത്തി.

ദീർഘകാലം കടലിൽ തുടരുന്ന നാവികസേനാ കപ്പലുകളിൽ തുരുമ്പ് രൂപപ്പെടുന്നത് അസാധാരണമല്ലെന്ന് മുൻ യുഎസ് നാവിക ക്യാപ്റ്റൻ കാൾ ഷസ്റ്റർ പറഞ്ഞു. ഉപ്പുവെള്ളവുമായും തിരമാലകളുമായുമുള്ള നിരന്തര സമ്പർക്കമാണ് പ്രധാന കാരണം.

 സാധാരണയായി 60 ദിവസത്തിലധികം തുടർച്ചയായി കടലിൽ പ്രവർത്തിക്കുന്ന കപ്പലുകളിൽ ജലനിരപ്പിന് സമീപം തുരുമ്പ് കാണപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി.
സൈനിക ദൗത്യത്തിനിടെ ഇത്തരം അറ്റകുറ്റപ്പണികൾ നടത്തുന്നത് പ്രായോഗികമല്ല. തുരുമ്പ് നീക്കം ചെയ്ത് ഉപരിതലം വൃത്തിയാക്കിയ ശേഷം തുരുമ്പ് പ്രതിരോധിക്കുന്ന പ്രൈമറും മറ്റ് സംരക്ഷണ പാളികളും നൽകി വീണ്ടും പെയിന്റ് ചെയ്യേണ്ടതുണ്ട്. പൂർണമായ അറ്റകുറ്റപ്പണികൾക്ക് ഏകദേശം 30 ദിവസത്തെ ജോലി വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ കണക്ക്.

തായ്ലൻഡിലെ ഇടവേളയിൽ അടിയന്തര അറ്റകുറ്റപ്പണികൾക്കായിരിക്കും മുൻഗണന. എന്നാൽ ഏതാനും ദിവസത്തെ തുറമുഖ സന്ദർശനം കൊണ്ട് കപ്പലിലെ മുഴുവൻ തുരുമ്പും നീക്കം ചെയ്യാനാകില്ല. ദീർഘകാല പരിപാലനത്തിനായി കൂടുതൽ സമയം ആവശ്യമായി വരും.
ദീർഘകാല ദൗത്യം കപ്പലിനൊപ്പം ജീവനക്കാരിലും സമ്മർദമുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നതിൽ ചില ഘട്ടങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിട്ടതായും ദീർഘകാലം തുറമുഖത്ത് പ്രവേശിക്കാതെ പ്രവർത്തിച്ചത് ജീവനക്കാരുടെ മാനസിക സമ്മർദം വർധിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
286 ദിവസത്തെ വിന്യാസം യുഎസ് വിമാനവാഹിനിക്കപ്പലുകളുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ ദൗത്യങ്ങളിലൊന്നാണ്.

 കോവിഡ് കാലത്ത് യുഎസ്എസ് ഡ്വൈറ്റ് ഡി. ഐസൻഹോവർ രേഖപ്പെടുത്തിയ 206 ദിവസത്തെ തുടർച്ചയായ കടൽവാസ റെക്കോർഡും എബ്രഹാം ലിങ്കൺ മറികടന്നു. ഏകദേശം 5,000 അംഗങ്ങളുള്ള സംഘത്തിന് തായ്ലൻഡിലെ ഇടവേള ദീർഘദൗത്യത്തിന് ശേഷമുള്ള വിശ്രമത്തിനും പുനഃസംഘടനയ്ക്കുമുള്ള അവസരമാകും. തുടർന്ന് കപ്പൽ അമേരിക്കയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍