Responsive Ad

വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥരുടെ കൃത്യമായ മേല്‍നോട്ടം വേണം: ജില്ലാ വികസന സമിതി

കോഴിക്കോട് : ജില്ലയിലെ വികസന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലും മേല്‍നോട്ടവും ഉണ്ടാവണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം പ്രവൃത്തികള്‍ അനിശ്ചിതമായി വൈകുന്ന സാഹചര്യം ഉണ്ടാവരുത്. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടു. 

മരുതോങ്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കെട്ടിടത്തില്‍ ചോര്‍ച്ചയുണ്ടെന്നും നിര്‍മാണത്തിലെ അപാകതയില്‍ അന്വേഷണം വേണമെന്നും കെ.എം അഭിജിത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തില്‍ ആളുകള്‍ മരണപ്പെടുന്ന സാഹചര്യം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ സോളാര്‍ ഫെന്‍സിങ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടി വേണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു. 

ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വീസ് റോഡുകളുടെ ടാറിങ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു. കടല്‍ ഭിത്തികളുടെ നിര്‍മാണം, കിഫ്ബി മുഖേന നടപ്പാക്കുന്ന തലശ്ശേരി ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായ താഴെ അങ്ങാടിയിലെ പ്രവൃത്തികള്‍ എന്നിവ വേഗത്തിലാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. 

പുതുപ്പാടിയിലെ പട്ടയപ്രശ്‌നം പരിഹരിക്കുന്നതിനുള്ള സര്‍വേ നടത്താന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കണമെന്ന് സി.കെ കാസിം എം.എല്‍.എ ആവശ്യപ്പെട്ടു. അധിക സര്‍വേയര്‍മാരെ നിയോഗിച്ച് പരിഹാരം കണ്ടെത്തുമെന്ന് ജില്ലാ കലക്ടര്‍ മറുപടി നല്‍കി. ചിപ്പിലിത്തോട്-വയനാട് ബദല്‍പാത പ്രവൃത്തികള്‍ക്കായി സ്വീകരിച്ച നടപടികളുടെ പുരോഗതി സംബന്ധിച്ച വിവരങ്ങളും എം.എല്‍.എ തേടി. പ്രവൃത്തിയുടെ ഡി.പി.ആര്‍ കണ്‍സല്‍ട്ടന്റിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ദേശീയപാത അധികൃതര്‍ സ്വീകരിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

കാലാവസ്ഥ അനുകൂലമായതിനാല്‍ കാപ്പാട് കടല്‍ഭിത്തി നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് അഡ്വ. കെ പ്രവീണ്‍കുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കൊയിലാണ്ടി താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണം, കോരപ്പുഴ മുതല്‍ കോട്ടക്കല്‍ വരെയുള്ള തീരദേശ റോഡിനുള്ള സ്ഥലമെടുപ്പ് എന്നിവ വേഗത്തിലാക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.  

മാവൂര്‍-എന്‍.ഐ.ടി റോഡ് വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടി മന്ദഗതിയിലാണെന്ന് എം.എ റസാഖ് മാസ്റ്റര്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നതായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) അറിയിച്ചു.  

ചീക്കിലോട് സ്‌റ്റേഡിയം നിര്‍മാണത്തിന്റെ ശേഷിക്കുന്ന പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് അഡ്വ. വിദ്യ ബാലകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പ്രവൃത്തി സെപ്റ്റംബര്‍ 20ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റോഡുകളുടെ നിര്‍മാണവും നവീകരണവും ധ്രുതഗതിയിലാക്കണമെന്നും എം.എല്‍.എ ആവശ്യമുയര്‍ത്തി.

തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി വിലയിരുത്തല്‍, നവകേരള സദസ്സ് പ്രവൃത്തികളുടെ അവലോകനം എന്നിവയും നടന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി അധ്യക്ഷയായി. എ.ഡി.എം കെ ഷറീന, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ആര്‍ രത്‌നേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍