Responsive Ad

ആശുപത്രികളുടെ കൊള്ളക്കെതിരെ തുക്കാറാം മുണ്ടെ

മുംബൈ : സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ സ്റ്റോറുകളിലും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്കും നിത്യോപയോഗ വസ്തുക്കൾക്കും രോഗികളിൽനിന്ന് ഈടാക്കുന്നത് ഭീമമായ തുകയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) കമ്മീഷണർ തുക്കാറാം മുണ്ടെ. വെറും 11.05 രൂപയ്ക്ക് ആശുപത്രികൾ മൊത്തമായി വാങ്ങുന്ന മെഡിഫ്യൂഷൻ ഐവി സെറ്റിന് വിൽപനവിലയായി നിശ്ചയിച്ചിരിക്കുന്നത് 325 രൂപയാണെന്നും, ഇതിലൂടെ 2,841 ശതമാനം വരെ അമിത ലാഭമാണ് രോഗികളിൽനിന്ന് കൊള്ളയടിക്കുന്നതെന്നും എഫ്ഡിഎ നടത്തിയ പഠനത്തിൽ കണ്ടെത്തി. ആശുപത്രികളിൽ ഉപയോഗിക്കുന്ന സിറിഞ്ചുകൾ, ഓക്സിജൻ മാസ്കുകൾ, നെബുലൈസർ മാസ്കുകൾ തുടങ്ങിയ അത്യാവശ്യ ജീവൻരക്ഷാ സാമഗ്രികൾക്കെല്ലാം സമാനമായ രീതിയിൽ നൂറുകണക്കിന് ശതമാനം വിലവർധന വരുത്തിയാണ് രോഗികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രൈമറി ഇൻ-ഹോസ്പിറ്റൽ ഉപകരണങ്ങളെയും ഉപഭോഗ വസ്തുക്കളെയും വില നിയന്ത്രണ പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഫാർമസ്യൂട്ടിക്കൽ വകുപ്പിന് കീഴിലുള്ള നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിക്ക് (എൻപിപിഎ) തുക്കാറാം മുണ്ടെ കത്തെഴുതി.

ആശുപത്രികൾ കമ്പനികളിൽനിന്ന് വാങ്ങുന്ന യഥാർഥ പർച്ചേസ് വിലയും പാക്കറ്റിന് മുകളിൽ രേഖപ്പെടുത്തുന്ന എംആർപിയും തമ്മിൽ ആകാശവും ഭൂമിയും തമ്മിലുള്ള അന്തരമാണുള്ളതെന്ന് കണക്കുകൾ നിരത്തി അദ്ദേഹം വ്യക്തമാക്കി. 70 രൂപയ്ക്ക് ലഭ്യമാകുന്ന ഓട്ടോഫ്യൂഷൻ ഐവി സെറ്റിന് 393 രൂപയാണ് എംആർപി നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ 461 ശതമാനം ലാഭമാണ് ഉണ്ടാക്കുന്നത്. 6.75 രൂപയ്ക്ക് വാങ്ങുന്ന 10 എംഎൽ സിറിഞ്ചുകൾ രോഗികൾക്ക് നൽകുന്നത് 57.20 രൂപയ്ക്കാണ്. ഇതിലെ ലാഭവിഹിതം 747 ശതമാനത്തോളമാണ്. വെറും 40 മുതൽ 45 രൂപ വരെ മാത്രം നിർമാണച്ചെലവും പർച്ചേസ് വിലയുമുള്ള നെബുലൈസർ മാസ്കുകൾക്കും ഓക്സിജൻ മാസ്കുകൾക്കും 650 മുതൽ 715 രൂപ വരെയാണ് ബില്ലുകളിൽ ഈടാക്കുന്നത്. ഇത് ഏകദേശം 1,300 മുതൽ 1,600 ശതമാനം വരെ അധിക ലാഭമാണെന്ന് എഫ്ഡിഎ ചൂണ്ടിക്കാണിക്കുന്നു.

ആരോഗ്യ സംരക്ഷണം എന്ന വിശുദ്ധ മേഖലയിലെ ഏറ്റവും വലിയ ചൂഷണമാണ് ഇത്തരം ഭീമമായ വില വർധനയിലൂടെ നടക്കുന്നതെന്ന് തുക്കാറാം മുണ്ടെ കുറ്റപ്പെടുത്തി. രോഗാവസ്ഥയിൽ ആശുപത്രികളിൽ എത്തുന്ന സാധാരണക്കാർക്ക് അവിടെ നൽകുന്ന ചികിത്സാ ഉപകരണങ്ങളുടെ യഥാർഥ വിലയെക്കുറിച്ച് ധാരണയുണ്ടാകില്ല. രോഗികളുടെയും ബന്ധുക്കളുടെയും നിസ്സഹായാവസ്ഥയെയും വിവരമില്ലായ്മയെയും ചൂഷണം ചെയ്തുകൊണ്ട് ആശുപത്രി മാനേജ്‌മെന്റുകൾ വൻ ലാഭം കൊയ്യുകയാണ് ചെയ്യുന്നത്. നിർമാതാക്കളുമായി ഒത്തുകളിച്ച് ഉയർന്ന എംആർപി പ്രിന്റ് ചെയ്യിക്കുകയും തുടർന്ന് തുച്ഛമായ വിലയ്ക്ക് സാധനങ്ങൾ വാങ്ങി രോഗികൾക്ക് കൂടിയ നിരക്കിൽ വിൽക്കുകയുമാണ് പതിവ് രീതി.
ചില മരുന്നുകളുടെ വില സർക്കാർ നിശ്ചയിച്ച പരിധിയിൽ നിൽക്കുമ്പോഴും, അനുബന്ധ മെഡിക്കൽ സാമഗ്രികളുടെ പേരിൽ ആശുപത്രികൾ അമിത തുക ഈടാക്കി രോഗികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന പ്രവണത അവസാനിപ്പിച്ചേ മതിയാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. 

ഇത് സാധാരണക്കാരുടെ ചികിത്സാച്ചെലവ് ക്രമാതീതമായി വർധിപ്പിക്കുന്നതിന് പ്രധാന കാരണമാകുന്നുണ്ട്. ഈ പകൽക്കൊള്ളയ്ക്ക് തടയിടുന്നതിനായി ഡ്രഗ് പ്രൈസ് കൺട്രോൾ ഓർഡർ 2013-ലെ (ഡിപിസിഒ) സെക്ഷൻ നാല് പ്രകാരം ആശുപത്രി ഉപകരണങ്ങളെയും ഉപഭോഗ വസ്തുക്കളെയും കൃത്യമായ വില നിയന്ത്രണ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരണമെന്നാണ് കേന്ദ്ര സർക്കാരിനോട് എഫ്ഡിഎ ആവശ്യപ്പെട്ടിരിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങളുടെ വ്യാപാര മാർജിനുകൾക്ക് പരിധി നിശ്ചയിക്കുന്നതിലൂടെ മാത്രമേ സാധാരണക്കാർക്ക് ആശ്വാസം നൽകാൻ സാധിക്കൂ.

മഹാരാഷ്ട്രയിലെ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ എഫ്ഡിഎ ശക്തമായ പരിശോധനകളാണ് നടത്തിവരുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മരുന്ന് നിർമാണ യൂണിറ്റുകൾ, ബ്ലഡ് ബാങ്കുകൾ, ലബോറട്ടറികൾ എന്നിവയിലായി 2,485 പരിശോധനകൾ നടത്തി. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് 230 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും 38 എണ്ണത്തിന്റെ ലൈസൻസ് പൂർണമായി റദ്ദാക്കുകയും ചെയ്തു. മെഡിക്കൽ ഷോപ്പുകളിലും ഫാർമസികളിലുമായി 11,780 പരിശോധനകൾ പൂർത്തിയാക്കി. ഇതിൽ 2,075 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും 394 ലൈസൻസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. പൊതുജനാരോഗ്യത്തെയും പൗരന്മാരുടെ സുരക്ഷയെയും ബാധിക്കുന്ന യാതൊരുവിധ വിട്ടുവീഴ്ചകൾക്കും സർക്കാർ തയാറല്ലെന്ന കർശന നിലപാടിലാണ് എഫ്ഡിഎ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍