പ്രിൻസ് ലൂക്കോസിന് നാടിൻ്റെ അന്ത്യാഞ്ജലി


കോട്ടയം : വേളാങ്കണ്ണിയിൽ നിന്നു ട്രെയിനിൽ മടങ്ങുന്നതിനിടെ മരിച്ച കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസിന് (53) നാടിൻ്റെ അന്ത്യാഞ്ജലി. പുലർച്ചെ 3.30 ന് ട്രെയിൻ തെങ്കാശിയിൽ എത്തിയപ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമായിരുന്നു. കഴിഞ്ഞ അസംബ്ളി തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥി ആയിരുന്നു. കേരള കോൺഗ്രസിൻ്റെ സ്‌ഥാപക നേതാക്കളിൽ ഒരാളായ ഒ വി ലൂക്കോസിൻ്റെ മകനാണ് പ്രിൻസ് ലൂക്കോസ്. കേരള കോൺഗ്രസിൻ്റെ വിദ്യാർഥി, യുവജന സംഘടനകളുടെ സംസ്‌ഥാന പ്രസിഡന്റായിരുന്നു. ഭാര്യ: സിന്ധു (കനറ ബാങ്ക്). മക്കൾ: ഹന്ന, ലൂക്ക (ഇരുവരും വിദ്യാർഥികൾ) . പെരുമ്പയിക്കോട് സ്വദേശിയായ പ്രിൻസ് കോട്ടയം ബാറിലെ അഭിഭാഷകനും ആയിരുന്നു. ജനങ്ങൾക്ക് ഏറെ പ്രിയങ്കരനായിരുന്ന പ്രിൻസിൻ്റെ മരണ വാർത്ത ഞെട്ടലോടെയാണു പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും കേട്ടത്. പൊതുപ്രവർത്തന മേഖലയിൽ സജീവമായിരുന്ന പ്രിൻസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ അനുശോചിച്ചു. കേരള കോൺഗ്രസിന്റെ ഒരാഴ്‌ചത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചു. സംസ്കാരം ബുധനാഴ്ച വൈകിട്ട്. 

Post a Comment

0 Comments