കലക്ടറുടെ പരാതി പരിഹാര അദാലത്തിൽ 73 പരാതികളിൽ നടപടി

നൂൽപ്പുഴ : പഞ്ചായത്തിൽ സംഘടിപ്പിച്ച വയനാട് കലക്ടറുടെ പരാതി പരിഹാര അദാലത്തിൽ 73 പരാതികളിൽ നടപടി സ്വീകരിച്ചു. കല്ലൂര്‍ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന അദാലത്തിൽ നേരത്തെ ഓൺലൈനായി രജിസ്റ്റര്‍ ചെയ്ത 23 പരാതികൾക്ക് പുറമെ 50 പരാതികൾ കൂടി നേരിട്ട് സ്വീകരിച്ചു. പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിഎം കെ ദേവകി എന്നിവരാണ് പരാതികൾ കേട്ടത്. 
അദാലത്തിൽ അപ്പപ്പോൾ തീര്‍ക്കാൻ സാധിച്ച പരാതികളിന്മേൽ കളക്ടറും എഡിഎമ്മും പരിഹാരം നിര്‍ദേശിക്കുകയും തുടര്‍ നടപടികൾ ആവശ്യമുള്ളവ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തശേഷം നടപടിക്കായി കൈമാറുകയും ചെയ്തു. വിവിധ വകുപ്പുകളിലെ ജില്ലാതല-താലൂക്ക് തല  ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും അദാലത്തിൽ എത്തിയിരുന്നു. 
പരാതികൾക്ക് സമയബന്ധിതമായ പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അക്ഷയ, ബാങ്കിങ് സേവനങ്ങൾ, നൂൽപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്രീനിങ് എന്നിവയും അദാലത്ത് വേദിയിൽ ഒരുക്കിയിരുന്നു.
വന്യമൃഗശല്യം, അംഗൻവാടിക്കായി വിട്ടുകൊടുത്ത ഭൂമിയുടെ രേഖകളിലെ അപാകതകൾ, വീടിനുള്ള അപേക്ഷകൾ, റേഷൻ കാര്‍ഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറുന്നതിനുള്ള അപേക്ഷ, വീടിനും മറ്റ് കെട്ടിടങ്ങളും ഭീഷണിയാവുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യങ്ങൾ, റോഡ് അറ്റകുറ്റപ്പണി, സ്വയംസന്നദ്ധ പുനരധിവാസം, ഉന്നതികളിലേക്കുള്ള യാത്രാപ്രശ്നങ്ങൾ, മലിനജലം കൃഷിയിടങ്ങളിലേക്ക് ഒഴുക്കുന്നത് സംബന്ധിച്ചുള്ള പരാതി, വെള്ളം കയറുന്ന ഭൂമിയിൽ നിന്ന് മാറ്റിപ്പാര്‍പ്പിക്കണമെന്ന അപേക്ഷ, ബസ് സര്‍വീസ് വേണമെന്ന ആവശ്യം, ദേശീയപാതയിലെ അപകടകരമായ യാത്ര, കുടിവെള്ളവും വഴിയും മുടക്കുന്നത് സംബന്ധിച്ച പരാതി, ബാങ്കിൽ നിന്ന് രേഖകൾ തിരികെ കിട്ടാത്തത്, പട്ടയം, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ, ആരോഗ്യ ഇൻഷുറൻസ് കാര്‍ഡിലെ പിഴവ്, ഉപജീവന മാര്‍ഗത്തിനായുള്ള അപേക്ഷ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് അദാലത്തിൽ പരിഗണനയ്ക്ക് എത്തിയത്. 
ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ അമിതവേഗത സംബന്ധിച്ച് കല്ലൂര്‍ പ്രദേശവാസികൾ നൽകിയ പരാതിയിൽ നടപടി ഉറപ്പാക്കാൻ മോട്ടോര്‍ വാഹനവകുപ്പിന് കളക്ടര്‍ നിർദേശം നൽകി. ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ടും നാട്ടുകാര്‍ അദാലത്തിൽ പരാതി നൽകി. ഇവയിലും തുടര്‍ നടപടിക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. 
നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എ ഉസ്മാൻ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ എന്നിവര്‍ അദാലത്തിൽ ആദ്യാവസാനം പങ്കെടുത്തു. 

Post a Comment

0 Comments