ജില്ലാ അവലോകന യോഗത്തിൽ പ്രിയങ്ക ഗാന്ധിയും
കൽപറ്റ : ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോര്‍ഡിനേഷൻ ആന്റ് മോണിട്ടറിങ് കമ്മിറ്റി യോഗത്തിന് പ്രിയങ്ക ഗാന്ധി എംപിയും എത്തി.
രാജ്യത്തെ ആസ്പിരേഷണൽ ജില്ലകളിൽ വയനാടിന്റെ റാങ്ക് 112 ൽ നിന്ന് 10 ആയി ഉയർത്തുന്നതിന് പ്രവർത്തിച്ചവരെയും, ഇത്തവണ മഴക്കാല അപകടം മൂലം ഒരു ജീവൻ പോലും പൊലിയാതെ കാത്തതിന് ജനപ്രതിനിധികളെയും ജില്ലാ കളക്ടര്‍ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും പ്രിയങ്ക ഗാന്ധി എംപി അഭിനന്ദിച്ചു. ജില്ലയിലെ വിവിധ പദ്ധതികളുടെ പുരോഗതിയും അനുബന്ധമായി നടപ്പാക്കാവുന്ന പദ്ധതികളുടെ സാധ്യതയും യോഗം വിലയിരുത്തി. പട്ടികവര്‍ഗ വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ ഗുണഭോക്താക്കളുടെ ആവശ്യവും ജീവിത രീതികളും തിരിച്ചറിഞ്ഞ് അതിന് അനുസൃതമായി രൂപകൽപന ചെയ്യണമെന്ന് എംപി നിര്‍ദേശം നൽകി.
പദ്ധതികളുടെ പുരോഗതിയും ഇനി പൂര്‍ത്തിയാക്കാനുള്ള പദ്ധതികളുടെ വിശദാംശങ്ങളും ഉദ്യോഗസ്ഥര്‍ യോഗത്തിൽ വിശദീകരിച്ചു. കല്പറ്റ ജനറൽ ആശുപത്രിയ്ക്ക് ക്രിട്ടിക്കൽ കെയർ കെട്ടിടം പണിയാൻ എൽസ്റ്റൺ എസ്റ്റേറ്റിൽ ഭൂമി കണ്ടെത്തി മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്. ഇനി മന്ത്രിസഭയുടെ അനുമതി തേടണം. വെള്ളമുണ്ട-മൊതക്കര റോഡ് പ്രവൃത്തി അടുത്ത മാസം പൂർത്തിയാകും. എല്ലാം വീടുകളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കിയ കല്പറ്റ നഗരസഭയെ യോഗത്തിൽ അഭിനന്ദിച്ചു.
ദേശീയ ആരോഗ്യ ദൗത്യം, ദേശീയപാത അതോറിറ്റി, മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രത്യേക ചര്‍ച്ചയും എംപിയുടെ അധ്യക്ഷതയിൽ നടന്നു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എം.എൽ.എ.മാരായ ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്പറ്റ നഗരസഭ അധ്യക്ഷൻ ടി ജെ ഐസക്, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ജില്ലാ കളക്ടര്‍, എഡിഎം കെ ദേവകി, ദിശ കൺവീനര്‍ കൂടിയായ തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ ജോർജ്, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
0 Comments