ആടുകൾക്കായുള്ള മാധവൻ്റെ ആഗ്രഹം അദാലത്തിൽ നിറവേറി

നൂൽപ്പുഴ : ജീവിക്കാനൊരു ആടിനെ വേണമെന്ന് മാധവൻ, അദാലത്തിൽ ഉടനടി പരിഹാരം
പണപ്പാടി ഉന്നതിയിൽ നിന്ന് ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിലെത്തിയ മാധവന് ഒറ്റ ആവശ്യം മാത്രം. ക്യാൻസര്‍ രോഗിയായ തനിക്ക് ഈ പ്രായത്തിൽ മറ്റ് ജോലികളൊന്നും ചെയ്യാനാവുന്നില്ല. കീമോതെറാപ്പിയുടെ ക്ഷീണം വേറെ. ജീവിക്കാനായി തനിക്ക് ഒരു ആടിനെ വേണം. പരാതി കേട്ട കളക്ടര്‍ കൃഷി, മൃഗസംരക്ഷണ വകുപ്പുകളിലേതുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും കൂട്ടി എന്താണ് വഴിയെന്ന് ആലോചിച്ചു. 
കുടുംബശ്രീ വഴി ആടിനെ നൽകാൻ പദ്ധതിയുണ്ടെങ്കിലും അതിന് ഗുണഭോക്തൃ വിഹിതം ഉൾപ്പെടെ പ്രായോഗിക സങ്കീര്‍ണതകളുണ്ട്. എന്ത് ചെയ്യാനാവുമെന്ന ആലോചനയ്ക്കൊടുവിൽ രണ്ട് ആടുകളെ  നൽകാമെന്ന് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് അറിയിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ ആടുകളെ കൈമാറുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എ ഉസ്മാൻ നേരിട്ട് അറിയിക്കുകയും ചെയ്തു. ഒരാടിനെ ചോദിച്ചെത്തി, ഒടുവിൽ രണ്ട് ആടുകളെ ലഭിച്ച സന്തോഷത്തോടെ എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് മാധവൻ വേദിവിട്ടത്.

Post a Comment

0 Comments