താരങ്ങൾക്ക് കുതിക്കാം ആയുർവേദത്തിൻ്റെ കരുത്തിൽ

കോഴിക്കോട് : സ്‌പോര്‍ട്സ് മെഡിസിനില്‍ പുതു ചുവടുവെപ്പ്. കായിക താരങ്ങള്‍ക്ക് കരുത്താവാന്‍ ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളും.
പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ ആദ്യ ഗവ. ആയുര്‍വേദ കേന്ദ്രമായി തലയാട് ആശുപത്രി 
കായിക താരങ്ങളുടെ പരിക്കുകള്‍ പരിഹരിക്കാന്‍ ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ആയുര്‍വേദ സ്‌പോര്‍ട്സ് മെഡിസിന്‍ പദ്ധതിക്ക് ജില്ലയിലും തുടക്കമായി. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആദ്യ സ്‌പോര്‍ട്‌സ് ആയുര്‍വേദ യൂണിറ്റിന് കഴിഞ്ഞ ദിവസം തലയാട് ഗവ. ആയുര്‍വേദ ആശുപത്രിയിലാണ് തുടക്കം കുറിച്ചത്. 

നാഷണല്‍ ആയുഷ് മിഷന്‍ ആവിഷ്‌കരിച്ച പദ്ധതി കേരള സ്‌പോര്‍ട്സ് കൗണ്‍സില്‍, കേരള ഒളിമ്പിക് അസോസിയേഷന്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുക, പരിക്കുകള്‍ തടയുക, പരിക്കുകള്‍ക്ക് ശാസ്ത്രീയമായ ആയുര്‍വേദ ചികിത്സ നല്‍കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്‌പോര്‍ട്സ് ആയുര്‍വേദ യൂണിറ്റുകളും മൊബിലിറ്റി യൂണിറ്റുകളും രൂപീകരിച്ച്, ഇഞ്ചുറി മാനേജ്മെന്റ്, പുനരധിവാസം, പ്രീ ഇവന്റ് കണ്ടീഷനിങ്, പോസ്റ്റ് ഇവന്റ് കണ്ടീഷനിങ്, ഓഫ് സീസണ്‍ ഹെല്‍ത്ത് കണ്ടീഷനിങ് തുടങ്ങിയ സേവനങ്ങള്‍ നല്‍കും. 

പദ്ധതിയുടെ ഭാഗമായി സംസ്ഥാന, ജില്ലാ തലങ്ങളില്‍ പരിശീലന പരിപാടികള്‍, അവബോധ പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. മത്സരങ്ങള്‍ക്ക് മുമ്പ് ശാരീരിക ബലം വര്‍ധിപ്പിക്കുന്നതിലും മത്സരശേഷം പരിചരണം നല്‍കുന്നതിലും സ്‌പോര്‍ട്സ് ആയുര്‍വേദ പദ്ധതി പ്രയോജനപ്പെടുത്തും.

സംസ്ഥാനത്ത് സബ് സെന്ററുകള്‍ അടക്കം നിലവില്‍ 13 ഇടങ്ങളിലാണ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ നാല് മൊബൈല്‍ യൂണിറ്റുകള്‍ വഴി സ്‌പോര്‍ട്സ് ഹബുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളില്‍ താരങ്ങള്‍ക്ക് നേരിട്ട് ചികിത്സയും പിന്തുണയും നല്‍കുന്നു. 

സ്‌പെഷ്യാലിറ്റി യൂണിറ്റിലേക്ക് 14.55 ലക്ഷം രൂപയും ഓരോ മൊബിലിറ്റി യൂണിറ്റിലേക്കും 4.5 ലക്ഷം രൂപയും സ്‌പോര്‍ട്‌സ് ആയുര്‍വേദ ജനറല്‍ ക്ലിനിക്കിന് 8.7 ലക്ഷം രൂപയുമാണ് പദ്ധതിയില്‍ അനുവദിക്കുന്നത്. മരുന്ന്, മൊബിലിറ്റി സപ്പോര്‍ട്ട്, അനുബന്ധ ചെലവുകള്‍ എന്നിവക്കടക്കം ആകെ 2.15 കോടി രൂപയാണ് സ്‌പോര്‍ട്സ് ആയുര്‍വേദ പദ്ധതിക്കായി വകുപ്പ് ചെലവിടുന്നത്.

Post a Comment

0 Comments