27 ലക്ഷത്തിൻ്റെ തട്ടിപ്പ് : പ്രതി ഗുജറാത്തിൽ പിടിയിൽ
കൊച്ചി : 27 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തി മുങ്ങിയ രാജസ്ഥാൻ സ്വദേശിയായ പ്രതിയെ ഗുജറാത്തിൽ നിന്നു തടിയിട്ടപറമ്പ് പൊലിസ് പിടികൂടി.
പ്രവാസിയായ വാഴക്കുളം സ്വദേശിയുടെ 27 ലക്ഷം രൂപ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ കൈക്കലാക്കിയ കേസിലെ മുഖ്യപ്രതി രാജസ്ഥാൻ സ്വദേശിയായ ലക്ഷ്മൺ ലാൽ കുമാവത്ത് ആണ് പിടിയിലായത്.
ഗുജറാത്തിലെ ധുരേലിയ ഗ്രാമത്തിൽ നിന്നാണു പൊലീസ് ഇയാളെ സാഹസികമായി പിടികൂടിയത്.
സമൂഹമാധ്യമത്തിലൂടെയാണ് വാഴക്കുളം സ്വദേശി ഇയാളുമായി പരിചയത്തിലാകുന്നത് . ഓൺലൈൻ ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്താണ് പ്രവാസിയെ കെണിയിൽ വീഴ്ത്തിയത്. തുടക്കത്തിൽ കുറഞ്ഞ തുക നിക്ഷേപിച്ചപ്പോൾ ലാഭവിഹിതം തിരികെ നൽകി വിശ്വാസം നേടിയെടുത്ത ശേഷം ഘട്ടം ഘട്ടമായി 27 ലക്ഷം രൂപ നിക്ഷേപിക്കാൻ പ്രവാസിയെ പ്രേരിപ്പിച്ചു. എന്നാൽ, പിന്നീട് നിക്ഷേപിച്ച തുകയും ലാഭവും തിരികെ ചോദിച്ചപ്പോൾ സംഘം മുങ്ങുകയായിരുന്നു. തുടർന്ന് പ്രവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതി മുംബൈ ഈസ്റ്റ്
മേഖലയിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം അവിടെയെത്തി. ആഡംബര ഫ്ലാറ്റുകളിൽ താമസിച്ചിരുന്ന ഇയാൾ പൊലീസ് എത്തി എന്ന് അറിഞ്ഞതോടെ അവിടെ നിന്നും മുങ്ങി. നാട്ടുകാരോട് പറഞ്ഞത് രാജസ്ഥാനിലേക്ക് പോകുന്നു എന്നാണ്. പൊലീസ് സംഘം രാജസ്ഥാനിൽ അന്വേഷിച്ചപ്പോൾ അവിടെ എത്തിയിട്ടില്ല എന്നറിയാൻ സാധിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ അയാളുടെ അച്ഛനെക്കുറിച്ച് വിവരം കിട്ടി. തുടർന്ന് ഗുജറാത്തിലെ ധുരേലിയിലെത്തിയ പൊലീസിന് ഇയാൾ അവിടെ വർക്ക് സൈറ്റിൽ ഉണ്ടെന്നു വിവരം ലഭിച്ചു . രക്ഷപ്പെടാതിരിക്കാൻ വേഷം മാറിയാണ് അന്വേഷണ സംഘം എത്തിയത്. തുടർന്ന് അവിടെ വർക്ക് സൈറ്റിലുള്ള ടെൻ്റിൽ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ പ്രത്യേക ഓപ്പറേഷനിലൂടെ സാഹസികമായി പിടികൂടി. മുംബൈയിൽ പ്ലംബിംഗ് കരാർ കമ്പനി നടത്തുന്നതിന്റെ മറവിലാണ് ഓൺലൈൻ തട്ടിപ്പ് നടത്തിയിരുന്നത്. ഇയാളുടെ അക്കൗണ്ടിലൂടെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇയാൾ ഉൾപ്പെട്ട സംഘത്തിന്റെ തട്ടിപ്പിന് നിരവധി പേർ ഇരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ പി.ജെ കുര്യാക്കോസ്, എസ്.ഐ എൻ.കെ.ജേക്കബ്ബ്, സീനിയർ സി.പി.ഒ കെ.കെ.ഷിബു, സി പി ഒ മിഥുൻ മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Post a Comment
0 Comments