റിയൽ എസ്റ്റേറ്റ് ഏജൻ്റ് വിജിലൻസ് പിടിയിൽ
സർവ്വേ ഉദ്യോഗസ്ഥർക്ക് നൽകാൻ കൈക്കൂലി വാങ്ങിയ ഏജന്റ് വിജിലൻസ് പിടിയിൽ.
റീ സർവ്വേയിൽ കുറവ് വന്ന സ്ഥലം വീണ്ടും അളന്ന് തിട്ടപ്പെടുത്തി നൽകുന്നതിന് സർവ്വേ ഉദ്യോഗസ്ഥർക്ക് നൽകാൻ 15,000 രൂപ കൈക്കൂലി വാങ്ങിയ ഏജന്റും കാസർകോട് ഉദുമ സ്വദേശിയുമായ ഹാഷിമിനെ വിജിലൻസ് ഇന്ന് കൈയ്യോടെ പിടികൂടി.
കാസർകോട് പെരിയ സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള 2 ഏക്കർ 40 സെന്റ് വസ്തു, റീ സർവ്വേക്ക് ശേഷം 1 ഏക്കർ 89 സെന്റ് എന്ന് തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഇത് പരിഹരിക്കുന്നതിനായി 6 മാസം മുമ്പ് പരാതിക്കാരൻ കാഞ്ഞങ്ങാട് താലൂക്ക് സർവ്വേ ഓഫീസിൽ എത്തി ഉദ്യോഗസ്ഥരെ കാണുകയും, ഉദ്യോഗസ്ഥർ പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടത് പ്രകാരം സർവ്വേ ഓഫീസിന് മുന്നിൽ അപേക്ഷ എഴുതാൻ ഇരിക്കുന്ന ഹാഷിമിനെ കൊണ്ട് പരാതി തയ്യാറാക്കി നൽകുകയും ചെയ്തിരുന്നു. സർവ്വേ ഓഫീസിലെ ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തിയെങ്കിലും 6 മാസം കഴിഞ്ഞും പരാതിയിൽ നടപടി ഒന്നും ഉണ്ടാകാത്തതിനെ തുടർന്ന് പരാതിക്കാരൻ നേരിട്ട് അന്വേഷിക്കുന്നതിന് താലൂക്ക് സർവ്വേ ഓഫീസിലെത്തി, ആസമയം അവിടെ ഉണ്ടായിരുന്ന, മുൻപ് അപേക്ഷ എഴുതി നൽകിയ ഹാഷിമിനെ കണുകയും, ഹാഷിമിനോട് പരാതിയെ സംബന്ധിച്ച് സംസാരിച്ച സമയം പരാതി മാത്രം നൽകിയാൽ നടപടി ആകില്ലെന്നും 30,000 രൂപ നൽകുകയാണെങ്കിൽ ഉദ്യോഗസ്ഥരെ കൊണ്ട് ശരിയാക്കി തരാമെന്നും, ഉദ്യോഗസ്ഥരുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും, മുൻപും ഇത്തരം കേസ്സുകൾ പൈസ നൽകി താൻ ശരിയാക്കി കൊടുത്തിട്ടുണ്ടെന്നും ഹാഷിം പരാതിക്കാരനോട് പറഞ്ഞു. എന്നാൽ ഇത്രയും പണം നൽകാനില്ലെന്ന് പറഞ്ഞ പരാതിക്കാരനോട് 20,000 രൂപയ്ക്ക് ശരിയാക്കി നൽകാമെന്ന് പറയുകയും, അതിൽ ആദ്യ ഗഢുവായി 5,000 രൂപ ഗൂഗിൾ-പേ മുഖാന്തിരം ഹാഷിം അയച്ച് വാങ്ങിയ ശേഷം ബാക്കി തുക 27ന് തീയതി നേരിട്ട് നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ താൽപര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം കാസർഗോഡ് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ വച്ച് പരാതിക്കാരനിൽ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങവെ കാസർഗോഡ് ഉദുമ സ്വദേശിയും കാഞ്ഞങ്ങാട് സർവ്വേ ഓഫീസിൽ അപേക്ഷ എഴുതി നൽകുന്നതും, ഏജന്റായി പ്രവർത്തിക്കുകയും ചെയ്യുന്ന ഹാഷിം.പി.എച്ച് നെ വിജിലൻസ് ഇന്ന് വൈകുന്നേരം 3 ന് കൈയ്യോടെ പിടികൂടുകയാണ് ഉണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഈ വർഷം നാളിതുവരെ 57 ട്രാപ്പ് കേസുകളിൽ നിന്നായി ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉൾപ്പെടെ 76 പ്രതികളെയാണ് വിജിലൻസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇതിൽ 20 കേസുകളുള്ള റവന്യു വകുപ്പും, 12 കേസുകൾ ഉള്ള തദ്ദേശസ്വയംഭരണ വകുപ്പും, 6 കേസുകൾ ഉള്ള പോലീസ് വകുപ്പുമാണ് കേസുകളുടെ എണ്ണത്തിൽ മുന്നിലുള്ളത്. വിദ്യാഭ്യാസ വകുപ്പിലും, കെ. എസ്. ഇ. ബി യിലും 3 വീതം കേസുകളും മറ്റ് വിവിധ വകുപ്പുകളിലായി 13 ട്രാപ്പ് കേസുകളുമാണ് 2025ൽ വിജിലൻസ് ഇതുവരെ പിടിച്ചിട്ടുള്ളത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർത്ഥിച്ചു.

Post a Comment
0 Comments