Responsive Ad

എൻ.കെ.അബ്ദുറഹിമാനെ കോൺഗ്രസ് പുറത്താക്കി

കോഴിക്കോട് : കാരശേരി സര്‍വ്വീസ് സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹിമാനെ കോൺഗ്രസ് പുറത്താക്കി. ബാങ്ക് 
ഭരണം അട്ടിമറിക്കാന്‍ സിപിഐഎമ്മുമായി ചേര്‍ന്ന് ചെയർമാൻ ശ്രമം നടത്തിയെന്നാരോപിച്ചാണ് കോൺഗ്രസ് നടപടി.
ബാങ്ക് ചെയര്‍മാനായ അബ്ദുറഹിമാൻ കെപിസിസി അംഗമാണ്.
മലബാറിലെ തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങളിലൊന്നാണ് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കാരശേരി സര്‍വീസ് സഹകരണ ബാങ്ക്. 
എന്‍.കെ അബ്ദുറഹ്‌മാനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്. നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉചിതമായ നടപടി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു. പിന്നാലെയാണ് രാത്രി തന്നെ ഇദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് കെപിസിസി പ്രസിഡന്റ് ഉത്തരവിട്ടത്.
അടുത്ത ഭരണസമിതി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അബ്ദുറഹ്‌മാന്‍ സിപിഐഎമ്മുമായി ചേര്‍ന്ന് ഭരണം അട്ടിമറിക്കാന്‍ നീക്കം നടത്തിയത്. 
ഇയാള്‍ സിപിഐഎമ്മിന് ബാങ്ക് വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും ഇതിന് പ്രത്യക്ഷമായി തെളിവൊന്നും ഉണ്ടായിരുന്നില്ല.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് വരെ ഭരണസമിതിയെ തെരഞ്ഞെടുക്കാന്‍ അധികാരമുള്ള 771 എ-ക്ലാസ് അംഗങ്ങളാണ് കാരശേരി ബാങ്കിന് ഉണ്ടായിരുന്നത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ ഇത് 1600 ആയി ഉയര്‍ന്നു. നെല്ലിക്കാപ്പറമ്പ് ബ്രാഞ്ചിലെ ഏഴ് ജീവനക്കാരുടെ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി പുതിയ 800 അംഗങ്ങളെ ഓണ്‍ലൈനായി ചേര്‍ക്കുകയായിരുന്നു.
ഭരണം പിടിച്ചെടുക്കാന്‍ സിപിഐഎം അനുകൂലികളായ മെമ്പര്‍മാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റിയെന്ന് ചൂണ്ടിക്കാട്ടി ആകെയുള്ള 13 ഡയറക്ടമാരില്‍ ഒമ്പതു പേർ ഹൈക്കോടതിയെ സമീപിച്ചു. ചെയര്‍മാനെ നീക്കാന്‍ അവിശ്വാസ പ്രമേയത്തിനും നീക്കം തുടങ്ങി. എന്നാല്‍ ഇതിന് പിന്നാലെ സംസ്ഥാന സഹകരണ വകുപ്പ് കാരശേരി ബാങ്ക് ഭരണസമിതി പിരിച്ചുവിടുകയും ബാങ്കിനെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് കീഴിലാക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍