ഡയാലിസിസിന് വിധേയരായ രോഗികൾ മരിച്ചത് ഗൗരവം: കെ.സി.വേണുഗോപാൽ
ഗുരുവായൂർ :
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികൾ മരിച്ചത് ഗൗരവതരമായ സംഭവമാണെന്ന് കെ.സി. വേണുഗോപാൽ എംപി. ഗുരുവായൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരേ കർശനവും കൃത്യവുമായ നടപടി സ്വീകരിക്കണമെന്ന് ഇന്നലെ തന്നെ ആരോഗ്യവകുപ്പിനോട് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ജീവനുകളാണ് നഷ്ടപ്പെട്ടത്. നമ്മുടെ ആരോഗ്യരംഗം എത്രമാത്രം തകർച്ചയിലാണെന്ന് ഓരോ ദിവസം കടന്നുപോകുമ്പോഴും ഓരോ സർക്കാർ ആശുപത്രിയിലൂടെയും വ്യക്തമാകുകയാണ്. ഈ വിഷയത്തിൽ ബഹുമാനപ്പെട്ട മന്ത്രി ഗൗരവത്തോടെയും സത്യസന്ധമായും ഇടപെടുമെന്നാണ് പ്രതീക്ഷ.
ശബരിമല സ്വർണ്ണക്കേസിൽ, അന്വേഷണം ഒഴിവാക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള രീതികളെക്കുറിച്ച് ഗുരുതരമായ സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ഈ അന്വേഷണം ഹൈക്കോടതി ഇടപെട്ടതുകൊണ്ടാണ് നടക്കുന്നത്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഒരാളും ഇന്നുവരെ അറസ്റ്റിലാകില്ലായിരുന്നു. ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടി. ആണെങ്കിലും, ആ എസ്.ഐ.ടിയുടെ പ്രവർത്തനം കേരള സർക്കാർ നിയന്ത്രിക്കുന്ന പരിധിയിൽ കുടുങ്ങിക്കിടക്കുന്നതാണ് ഇപ്പോൾ കാണുന്നത്. ചോദ്യം ചെയ്യലിൽ പോലും സർക്കാരിന്റെ താൽപര്യം സംരക്ഷിക്കപ്പെടുന്നുണ്ട്. പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതിന് കനത്ത തിരിച്ചടിയുണ്ടാകും. ജനങ്ങളിൽ നിന്ന് ശക്തമായ പ്രതികരണമുണ്ടാകും.
കടകംപള്ളിയെ ചോദ്യം ചെയ്തത് സംബന്ധിച്ച് യാതൊരു വിവരവും പുറത്തുവന്നിട്ടില്ല. എന്നാൽ കേസുമായി യാതൊരു ബന്ധവുമില്ലാത്തവരെ ചോദ്യം ചെയ്യുമ്പോൾ, അവരുടെ പേരുകളും വിവരങ്ങളും ഉടൻ തന്നെ പുറത്തുവരുന്നു. ഇതിൽ നിന്നുതന്നെ ഇരട്ടത്താപ്പ് വ്യക്തമാണ്. തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് ഗുണം ചെയ്യുന്ന രീതിയിലാണ് ചോദ്യം ചെയ്യലുകൾ വൈകിപ്പിച്ചത്. യഥാർത്ഥ പ്രതികളെന്ന് പറയപ്പെടുന്നവരെ ചോദ്യം ചെയ്തിട്ടും ഒന്നും പുറത്തറിയുന്നില്ല. ആരെ ചോദ്യം ചെയ്താലും ഞങ്ങൾക്ക് ഒരു ഭയവും ഇല്ല. കാരണം കുറ്റം ചെയ്തവർ ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി അറിയാം. പിണറായി വിജയൻ അറിയാതെ കേരളത്തിൽ ഒരു ഇല പോലും അനങ്ങില്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഈ കേസും മുന്നോട്ട് പോകുന്നത്.
മറ്റത്തൂർ പഞ്ചായത്തിൽ നടന്ന സംഭവങ്ങളിൽ പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. കെപിസിസിയായാലും ഡിസിസിയായാലും പാർട്ടി നിലപാട് ഒന്നുതന്നെയാണ്. പാർട്ടിയുടെ താൽപര്യം സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകും. വർഗീയ സംഘടനകളുമായുള്ള യാതൊരു ബന്ധവും പാർട്ടിക്കില്ലെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു.

Post a Comment
0 Comments