ക്രമക്കേട് ആക്ഷേങ്ങൾ; കെ.സി.വേണുഗോപാൽ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു
ന്യൂഡൽഹി : തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ വന്‍തോതില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി കോണ്‍ഗ്രസ്. വോട്ടര്‍ പട്ടികയിലെ പേരുകള്‍ നീക്കം ചെയ്യുന്നതിനായി സമര്‍പ്പിക്കേണ്ട ഫോം-7 വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ ആശങ്ക അറിയിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അര്‍ഹരായ വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ടെന്നും പട്ടികജാതി, പട്ടികവര്‍ഗം, ന്യൂനപക്ഷങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുടെ പേരുകള്‍ ബോധപൂര്‍വം വെട്ടിമാറ്റപ്പെടുന്നതായും കെ.സി. വേണുഗോപാല്‍ പറയുന്നു. ഇത് ഈ വിഭാഗങ്ങളുടെ വോട്ടവകാശം നിഷേധിക്കുന്നതിന് തുല്യമാണ്. ഇത്തരം ക്രമക്കേടുകള്‍ തടഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ അത് ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമെന്ന് കത്തില്‍ കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടുന്നു. മരണം, പേര് ഇരട്ടിപ്പുകള്‍ എന്നിവ അറിയിക്കാനാണ് നിയമപരമായി ഫോം-7 ഉപയോഗിക്കേണ്ടത്. എന്നാല്‍ നിലവില്‍ മതിയായ രേഖകളോ കൃത്യമായ വിവരങ്ങളോ ഇല്ലാതെ തന്നെ പേരുകള്‍ വെട്ടാന്‍ വ്യാപകമായി അപേക്ഷകള്‍ നല്‍കപ്പെടുന്നതായും വേണുഗോപാല്‍ പറഞ്ഞു.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ ഏകീകൃതമായ രീതിയില്‍ ദുരുപയോഗം നടക്കുന്നുണ്ടെന്നും, അസമില്‍ വോട്ടര്‍ ഡാറ്റാബേസില്‍ അനധികൃതമായി കടന്നുകയറുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു. ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍