Responsive Ad

കൈക്കുലി: പോലീസ് ഉദ്യോഗസ്ഥന് ഏഴു വർഷം കഠിനം തടവ്


മലപ്പുറം : കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി മുഴക്കി കൈക്കൂലി വാങ്ങിയ സിവിൽ പോലീസ് ഓഫീസറെ വിജിലൻസ് കോടതി 7 വർഷം കഠിന തടവിന് ശിക്ഷിച്ചു.
 തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിൽ പരാതിക്കാരൻ പ്രതിയായിട്ടുള്ള കേസിൽ, പരാതിക്കാരന്റെ ഭാര്യയെ പ്രതിയാക്കാതിരിക്കുന്നതിനു വേണ്ടി 3,000 രൂപ കൈക്കൂലി വാങ്ങിയ തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിലെ മുൻ സിവിൽ പോലീസ് ഓഫീസറും ഇപ്പോൾ തൃശ്ശൂർ വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ എം.ബൈജുവിനെയാണു കോഴിക്കോട് വിജിലൻസ് കോടതി വിവിധ വകുപ്പുകളിലായി  7 വർഷം കഠിന തടവിനും 50,000രൂപ പിഴ നൽകാനും വിധിച്ചത്. 
2017-ൽ വ്യാജ രേഖ ചമച്ചതിന് പരാതിക്കാരനെ പ്രതിയാക്കി മലപ്പുറം തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ ഫയലുകൾ കൈകാര്യം ചെയ്തിരുന്നത് സിവിൽ പോലീസ് ഓഫീസറായ ബൈജു ആയിരുന്നു. കേസിൽ ജാമ്യം ലഭിച്ച് സ്റ്റേഷനിൽ ഒപ്പിടുന്നതിനായി വന്ന പരാതിക്കാരനോട് ഭാര്യയേയും കേസിൽ പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയും കേസിൽ നിന്നും ഒഴിവാക്കുന്നതിന് 5,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തിരുന്നു. സിവിൽ പോലീസ് ഓഫീസറായ ബൈജു നിർബ്ബന്ധിച്ച് 2,000 രൂപ വാങ്ങിയെടുത്തിരുന്നു. തുടർന്നും ബൈജു പരാതിക്കാരനെ ഭീക്ഷണിപ്പെടുത്തി ബാക്കി തുക നൽകണമെന്ന് ഫോൺ വഴിയും മറ്റും ആവശ്യപ്പെട്ടതിനെത്തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ അറിയിക്കുകയും, 3,000 രൂപ  കൈക്കൂലി വാങ്ങുമ്പോൾ  ഉത്തര മേഖല വിജിലൻസ് യൂണിറ്റ് പിടികൂടി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണം  പൂർത്തിയാക്കി, കുറ്റപത്രം സമർപ്പിച്ച ഈ കേസിലാണ് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിലെ മുൻ സിവിൽ പോലീസ് ഓഫീസറും വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസറുമായ ബൈജുവിനെ കുറ്റക്കാരനാണെന്ന് കോഴിക്കോട് വിജിലൻസ് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി ആകെ 7 വർഷം കഠിന തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. കോഴിക്കോട്  വിജിലൻസ് കോടതി ജഡ്ജ് ഷിബു തോമസ് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ  അരുൺ നാഥ്. വിജിലൻസ്‌ കോഴിക്കോട് നോർത്തേൺ റേഞ്ച് മുൻ ഡി.വൈ.എസ്.പിമാരായ ശ്രീ. അശ്വകുമാർ, പി.സി.സജീവൻ, എന്നിവരാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്. 
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 106 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ  മനോജ് എബ്രഹാം അഭ്യർത്ഥിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍