മുസ്തഫിസുർ വിവാദം: കായിക ബന്ധം എന്നു നേരെയാകും
ന്യൂഡൽഹി :
2026 ഐപിഎൽ സീസണുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കായിക ബന്ധത്തിൽ ഉണ്ടായ വിള്ളൽ എന്ന് അവസാനിക്കുമെന്ന് നോക്കുകയാണ് കായിക ലോകം. ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ (കെകെആർ) നിന്ന് ഒഴിവാക്കാനുള്ള ബിസിസിഐയുടെ നീക്കത്തിന് പിന്നാലെയാണ് ബന്ധം വഷളായത് .ഇതിന് പ്രതികാരം എന്നോണം ഐപിഎൽ സംപ്രേഷണം രാജ്യത്ത് അനിശ്ചിതകാലത്തേക്ക് നിരോധിച്ചുകൊണ്ടാണ് ബംഗ്ലാദേശ് സർക്കാർ ഉത്തരവിട്ടത്.
2026ലെ ഐപിഎൽ ലേലത്തിൽ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. എന്നാൽ ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ ഫ്രാഞ്ചൈസിക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇന്ത്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ബിസിസിഐ വിശദീകരിച്ചെങ്കിലും, കൃത്യമായ കാരണങ്ങൾ വ്യക്തമാക്കാൻ ബോർഡ് തയ്യാറായില്ല. ഇത് ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഐപിഎൽ മത്സരങ്ങൾക്ക് ബംഗ്ലാദേശിൽ വലിയ കാഴ്ചക്കാരാണ് ഉള്ളത്. ബിസിസിഐ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പ്രമുഖർ പ്രതികരിച്ചിട്ടുണ്ട്.

Post a Comment
0 Comments