ക്വാറി ഉൽപന്നങ്ങളുടെ വില വർധിപ്പിക്കുന്നതിൽ പ്രതിഷേധം
ബാലുശ്ശേരി : ക്വാറി ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്‌തമായി. നാളെ മുതൽ വില വർധന നിലവിൽ വരുമെന്നാണ് അറിയിപ്പ്.
കരിങ്കല്ല് ഉൽപന്നങ്ങൾക്ക് അടിക്ക് 5 രൂപ വർധിപ്പിക്കാനാണു ക്വാറി ക്രഷർ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. ഇതു സംബന്ധിച്ച് അറിയിപ്പ് ക്വാറികളിൽ സ്‌ഥാപിച്ചു. വില വർധന നിർമാണ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും പിൻമാറണമെന്നും ഗുഡ്‌സ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയനും നിർമാണ തൊഴിലാളി യൂണിയനും ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷവും വൻതോതിൽ വില വർധന വരുത്തിയിരുന്നു.
വിലവർധനയ്ക്ക് കാരണമായി കോ ഓർഡിനേഷൻ കമ്മിറ്റി പറയുന്ന കാര്യങ്ങൾ വിചിത്രമാണെന്ന് യൂണിയൻ നേതാവ് ആർ.കെ.മനോജ് പറഞ്ഞു. ഉദ്യോഗസ്‌ഥർ അമിത ഫൈൻ ഈടാക്കുന്നതാണ് വില വർധനയ്ക്ക് ഒരു പ്രധാന കാരണമായി പറയുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തുന്ന പിഴ കാരണം ഉൽപന്നങ്ങൾക്ക് വില വർധിപ്പിക്കുന്നത് നിയമ വ്യവസ്‌ഥയോടുള്ള വെല്ലുവിളിയാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. നിയമം അംഗീകരിച്ച് ക്വാറികളും ക്രഷറുകളും പ്രവർത്തിപ്പിച്ചാൽ ഇതിനു പരിഹാരമാകും. നിർമാണ ചെലവുകൾ വർധിച്ചു എന്നു പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും ആർ.കെ.മനോജ് പറഞ്ഞു. വില വർധന പിൻവലിക്കുന്നില്ലെങ്കിൽ ശക്തമായ സമരം നടത്താൻ ഇരു സംഘടനകളും തീരുമാനിച്ചു.

Post a Comment
0 Comments