ടി20: ഇന്ത്യ പാക്കിസ്ഥാൻ മത്സരം ആശങ്കയിൽ
കൊളംബോ : കാത്തിരുന്ന ക്രിക്കറ്റ് ആവേശത്തിനു കാലാവസ്ഥ വില്ലനാകുമോ?
ടി20 ലോകകപ്പില്‍ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം ഉപേക്ഷിക്കുമോ എന്ന ആശങ്ക ശക്തമായി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിനു ഭീഷണിയായേക്കുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ സൂചനകൾ.
പ്രേമദാസ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ഖേത്താരാമ പ്രദേശത്ത് ഇന്ന് വൈകിട്ട് മഴ പെയ്യാനുള്ള സാധ്യത അൻപത് മുതൽ എഴുപത് ശതമാനം വരെയാണ്. ഇതാണ് ആശങ്ക ഉയർത്തുന്നത്. ഞായറാഴ്ച പുലര്‍ച്ചെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയായിരിക്കുമെന്നാണ് സൂചനകൾ. വെയിലുറയ്ക്കുന്നതോടെ മുപ്പത് മുതൽ മുപ്പത്തിയൊന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്.
രാത്രി 7ന് ആണ് മത്സരം തുടങ്ങേണ്ടത്. അപ്പോൾ അതിശക്തമായ ഇടിമിന്നലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പ്രവചിച്ചിരിക്കുന്നത്. രാത്രി എട്ടിന് ശേഷം മേഘങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രാത്രി മുഴുവന്‍ ഒറ്റപ്പെട്ട മഴ ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്നു.
മഴയെ നേരിടാന്‍ ശക്തമായ സന്നാഹങ്ങളാണ് പ്രേമദാസ സ്റ്റേഡിയത്തിലുള്ളത്. അത്യാധുനിക ഡ്രെയിനേജ് സംവിധാനവും വിദഗ്ധരായ ഗ്രൗണ്ട് സ്റ്റാഫുകളും പ്രേമദാസ സ്റ്റേഡിയത്തിലുണ്ട്. മറ്റു രാജ്യാന്തര സ്റ്റേഡിയങ്ങളില്‍ നിന്നു വ്യത്യസ്തമായി പിച്ചിനെ മാത്രം മറയ്ക്കുന്നതിന് പകരം ഗ്രൗണ്ട് മുഴുവന്‍ കവര്‍ ചെയ്യുന്നതാണ് കൊളംബോയിലെ രീതി. ഈ സൗകര്യങ്ങളെല്ലാം ഉപയോഗിച്ച് ഔട്ട്ഫീല്‍ഡില്‍ വെള്ളം കയറുന്നത് ആദ്യം തന്നെ തടയാനാകുമെന്നാണ് കരുതുന്നത്. ശക്തമായ മഴ ഒഴിഞ്ഞതിന് ശേഷം 45-60 മിനിറ്റിന് ശേഷം മൈതാനത്തെ മത്സരയോഗ്യമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍