മരുമകൻ ഭാര്യാ മാതാവിൻ്റെ വീട് കത്തിച്ചു
കോഴിക്കോട് : മകളെ ക്രൂരമായി മര്‍ദിച്ചത് ചോദ്യം ചെയ്ത ഭാര്യാ മാതാവിൻറെ വീടിന് തീ വെച്ച മരുമകന്‍ പൊലീസ് കസ്റ്റഡിയിൽ. കാരശ്ശേരി വലിയപറമ്പ് തടത്തില്‍ കോളനിയില്‍ താമസിക്കുന്ന ജമീലയുടെ വീടാണ് മരുമകനായ പുതുപ്പാടി സ്വദേശി കുഞ്ഞുകുളങ്ങര വീട്ടില്‍ റഷീദ് തീ വെച്ച് കത്തിച്ചതെന്ന് പോലീസ്.
ജമീലയുടെ മകളും റഷീദും കൊടിയത്തൂര്‍ കരകുറ്റിയിലെ വാടകവീട്ടിലാണ് താമസം. അവിടെവെച്ച് ജമീലയുടെ മുന്നില്‍ മകളെ റഷീദ് ക്രൂരമായി മര്‍ദിച്ചതായി പരാതിയുണ്ട്. ഇത് ചോദ്യംചെയ്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത മകളെ കൂട്ടി ജമീല സ്വന്തം വീട്ടിലേക്കു മടങ്ങുകയും ചെയ്തു.
ഇതിനിടെ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീടിന് കല്ലെറിയുന്ന ശബ്ദം കേട്ട് എഴുന്നേറ്റ ജമീല അടുക്കള ഭാഗത്ത് തീ കത്തുന്നതായി ശ്രദ്ധിച്ചു. ഉടന്‍ ജമീലയും മകളും പുറത്തിറങ്ങുമ്പോള്‍ റഷീദ് ഓടിപ്പോകുന്നത് കണ്ടതായി അവര്‍ പറഞ്ഞു. ബഹളം വെച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തി തീ അണച്ചു.
അഗ്‌നിബാധയില്‍ അടുക്കള ഭാഗം പൂര്‍ണമായും കത്തിനശിച്ചു. രണ്ട് വാഷിങ് മെഷീനുകള്‍, പാത്രങ്ങള്‍, കുട്ടികളുടെ സ്‌കൂള്‍ യൂണിഫോം ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ എന്നിവയും തീയില്‍ നശിച്ചു. സംഭവം നടക്കുമ്പോള്‍ ജമീലയും രണ്ട് മക്കളും പേരക്കുട്ടികളും വീട്ടിലുണ്ടായിരുന്നു.
ജമീല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുക്കം പൊലീസ് അന്വേഷണം നടത്തി കുന്ദമംഗലത്തുനിന്ന് റഷീദിനെ പിടികൂടി. എം.ഡി.എം.എ ഉള്‍പ്പെടെ ലഹരി ഉപയോഗിക്കുന്ന ആളാണ് റഷീദെന്നും ഇടയ്ക്കിടെ മകളെ മര്‍ദിക്കാറുണ്ടെന്നും സംശയരോഗിയാണെന്നും ജമീല ആരോപിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവസ്ഥലത്ത് ജില്ലാ ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍