'നേതൃത്വത്തെ അണികൾ തിരുത്തണം' പ്രകാശനം
പയ്യന്നൂർ :
സിപിഎം ഫണ്ട് തട്ടിപ്പ് നടത്തിയതായി ആരോപണം ഉന്നയിച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മുന്‍ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി. കുഞ്ഞികൃഷ്ണന്റെ 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകം പ്രകാശനം ചെയ്തു. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ വെച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശിപ്പിച്ചത്. എഴുത്തുകാരന്‍ വി.എസ്.അനില്‍കുമാര്‍ ഏറ്റുവാങ്ങി. ഈ പരിപാടിക്ക് ആളുകൾ എത്തുന്നത് തടയാൻ ശ്രമങ്ങൾ ഉണ്ടായതായി കുഞ്ഞികൃഷ്ണൻ പറഞ്ഞു. പ്രകാശന പരിപാടി മാറ്റിവെച്ചതായി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് എന്നിവയില്‍ നിന്നായി 91.22 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. മുന്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ തെറ്റ് ചെയ്തവരോട് മൃദുസമീപനമാണ് സ്വീകരിച്ചതെന്ന് പുസ്തകം ആരോപിക്കുന്നു. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്നും കുഞ്ഞികൃഷ്ണന്‍ പറയുന്നു. പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂദനന്റെ ബൂര്‍ഷ്വാ രാഷ്ട്രീയ ശൈലിയാണ് പാര്‍ട്ടിയെ വഷളാക്കിയത് എന്നും പുസ്തകം വിമര്‍ശിക്കുന്നു. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് വൻ പൊലീസ് സുരക്ഷയിലായിരുന്നു പ്രകാശനം നടത്തിയത്. വലിയ ആൾക്കൂട്ടമാണ് ഈ പരിപാടിക്ക് എത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍