ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; റോയ് മരണം നേരത്തെ തീരുമാനിച്ചതായി വിവരം
ബെംഗളൂരു : കോൺഫിഡന്റ് ഗ്രൂപ്പ് ഉടമസ്ഥൻ സി.ജെ.റോയിയുടെ ആത്മഹത്യയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. തൻറെ മരണം റോയ് നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. 9 പേജ് ഉള്ള ആത്മഹത്യാ കുറിപ്പ് പ്രത്യേക പോലീസ് സംഘത്തിന് ലഭിച്ചതായി കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കമ്പനിയെ ആര് നയിക്കണം എന്നതിനെ കുറിച്ച് സൂചനയുള്ള കത്തിൽ അറ്റകൈ പ്രയോഗത്തിന്' മുതിരുന്നതായും കുടുംബത്തിലെ എല്ലാവരും ക്ഷമിക്കണമെന്നും എഴുതിയതായാണു വിവരം. കുടുംബം ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്നു വാർത്താസമ്മേളനം റദ്ദാക്കി. പുതിയ വിവരങ്ങൾ പുറത്തുവന്നതോടെയാണ് വാർത്താ സമ്മേളനം റദ്ദാക്കിയത്.
കഴിഞ്ഞ 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാന്‍ തീരുമാനിച്ച ശേഷമാണ് എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. മരണത്തിന് പിന്നിലെ ദുരൂഹത ഒഴിവാക്കാന്‍ ഈ കുറിപ്പ് സഹായകമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. പ്രത്യേക അന്വേഷണ സംഘം ഈ കുറിപ്പ് വിശദമായി പരിശോധിച്ചുവരികയാണെന്നും ഇത് അന്വേഷണത്തിലെ പ്രധാന തെളിവാണെന്നും പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടാണ് സിജെ റോയിയുടെ കുറിപ്പ് ആരംഭിക്കുന്നത്. കടുത്ത മാനസിക വിഷമം പ്രകടമാക്കുന്ന കുറിപ്പിൽ തന്റെ വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ നിര്‍ദ്ദേശങ്ങളും കുറിപ്പിലുണ്ട്.
വിവിധ വ്യക്തികള്‍ക്ക് നല്‍കാനുള്ള പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൃത്യമായ സാമ്പത്തിക കാര്യങ്ങള്‍ റോയി കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ മരണശേഷം ബിസിനസ് ആര് നിയന്ത്രിക്കണമെന്നും, തന്റെ പിന്‍ഗാമികള്‍ ആരായിരിക്കണമെന്നും കുറിപ്പിലുണ്ട്. കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ദീര്‍ഘകാലമായി സഹകരിക്കുന്നവരെ മാറ്റിനിര്‍ത്തരുതെന്ന് അദ്ദേഹം പറയുന്നു. അവര്‍ തന്റെ വിശ്വസ്തരായ സഹപ്രവര്‍ത്തകരാണെന്നും, ഇവര്‍ തുടര്‍ന്നും സ്ഥാപനത്തിന്റെ ഭാഗമായി തുടരണമെന്നും കുറിപ്പിലുണ്ട്.
പ്രത്യേക അന്വേഷണ സംഘം നിലവില്‍ കുറിപ്പിലെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി റോയിയുടെ ഭാര്യയുടെയും മക്കളുടെയും മൊഴി രേഖപ്പെടുത്തും. കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന സാമ്പത്തികവും ബിസിനസ് സംബന്ധവുമായ കാര്യങ്ങള്‍ ഒത്തുനോക്കാന്‍ ഇവരുടെ മൊഴികള്‍ സഹായിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
ആദായനികുതി വകുപ്പിന്റെ നിരന്തര ഇടപെടല്‍ റോയിയെ കടുത്ത സമ്മർദ്ദത്തിലാക്കിയതായി കുടുംബ നേരത്തെ ആരോപിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍