കൊലപാതകം: 2 പേർ പിടിയിൽ
കോഴിക്കോട് : മാവൂർ റോഡിലെ യാഷ് ഇന്റർനാഷണൽ ബാറിന് സമീപം യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ നജീബ്, നടുവട്ടം സ്വദേശിനി നൗഷിദ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി എട്ടേ നാൽപ്പതോടെ നടന്ന ഈ ദാരുണ സംഭവത്തിൽ ആദിൽ റോഷൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതികളും മരിച്ച ആദിലും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. ഇവർ തമ്മിൽ നിലനിന്നിരുന്ന സാമ്പത്തിക പ്രശ്നങ്ങളും നൗഷിദയുമായി ബന്ധപ്പെട്ട മറ്റ് ചില തർക്കങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരമാണ് പ്രതികൾ ആദിലിനെ മാവൂർ റോഡിലെ ബാറിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ഇവർ ബാറിലിരുന്ന് ഒരുമിച്ച് മദ്യപിക്കുകയും, ഇതിനിടെ സാമ്പത്തിക വിഷയം സംസാരിച്ച് വലിയ വാക്കുതർക്കവും സംഘർഷവും ഉണ്ടാവുകയും ചെയ്തു. ബഹളം രൂക്ഷമായതിനെത്തുടർന്ന് ബാർ ജീവനക്കാർ ഇവരെ പുറത്തേക്ക് ഇറക്കിവിടുകയായിരുന്നു.
പുറത്തെത്തിയ ശേഷമാണ് കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആദിലിനെ ഇവർ കുത്തിയത്. കൊലപാതകത്തിന് ശേഷം ഒരു ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ട പ്രതികളെ പിന്നീട് പൊലീസ് അതിവേഗം പിടികൂടി. കേസിൽ മൂന്നാമതൊരാൾക്ക് കൂടി പങ്കുണ്ടെന്നും, ഒളിവിൽ പോയ ഇയാൾക്കായുള്ള ഊർജ്ജിതമായ അന്വേഷണം നടക്കാവ് പൊലീസ് തുടരുകയാണെന്നും വിവരങ്ങളുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍